ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴശ്ശിരാജാവുമായി ബന്ധപ്പെട്ട ചില ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതാണ് ഈ പ്രദേശം. കേരവൃക്ഷങ്ങള്‍ക്കു പേരു കേട്ട പ്രദേശമാണ് കുറ്റ്യാടി. കോഴിക്കോട് ജില്ലയുടെ വടക്കേയറ്റത്തിന്റെ കിഴക്കുഭാഗത്ത് വയനാട് ജില്ലയോട് തൊട്ടുകിടക്കുന്നതാണ് മരുതോങ്കര പഞ്ചായത്ത്. പണ്ടുകാലത്ത് ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു. കൃഷികളില്‍ നെല്‍കൃഷിയ്ക്കായിരുന്നു പ്രാധാന്യം. കിഴക്കന്‍ പ്രദേശങ്ങളിലെ കാടു വെട്ടിത്തെളിച്ച്, നെല്‍കൃഷിയും, മുത്താറികൃഷിയും നടത്തിയിരുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളായിരുന്നു പ്രധാന കൃഷി. മരുതോങ്കര, കച്ചേരിതാഴ, കാരങ്കോട്ടുതാഴ, വള്ളില്‍താഴ, മണ്ണൂര്‍, നീറ്റികോട്ട, വട്ടംവയല്‍ മുതലായ സ്ഥലങ്ങളില്‍ ധാരാളം മേനി കൊയ്ത നെല്‍വയലുകളും, പുഴയോര പ്രദേശങ്ങളില്‍ കവുങ്ങിന്‍ തോട്ടങ്ങളുമുണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ക്കു പേരു കേട്ട പ്രദേശമാണ് കുറ്റ്യാടി. ഒരുകാലത്ത് കുറഞ്ഞ വിലയ്ക്ക് സുലഭമായി വനഭൂമി ലഭിച്ചിരുന്ന, വിസ്തൃതമായ ഈ പ്രദേശത്തേക്ക്, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കില്‍പ്പെട്ട കാഞ്ഞിരപ്പള്ളി, കൂടാതെ മീനച്ചില്‍, തൊടുപുഴ എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യകുടിയേറ്റം നടക്കുന്നത്. 1927-30 കാലഘട്ടത്തിലാണ് ഇവിടങ്ങളിലേക്കു കുടിയേറ്റമാരംഭിക്കുന്നത്. ക്രിസ്ത്യന്‍ കുടിയേറ്റത്തിനു മുമ്പ് കക്കട്ട്, നാദാപുരം, മൊകേരി എന്നീ സ്ഥലങ്ങളില്‍ നിന്നും ഹിന്ദുമത വിഭാഗത്തില്‍പ്പെട്ടവരും, മലയോരമേഖലകളില്‍ പുനംകൃഷി നടത്തുന്നതിനു എത്തിച്ചേര്‍ന്നിരുന്നു. അതേസമയത്തുതന്നെ മരക്കച്ചവടം നടത്തുന്നതിന്, മുസ്ളീം വിഭാഗങ്ങളില്‍പെട്ട കച്ചവടക്കാരും ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. തോണിമാര്‍ഗ്ഗം കല്ലായി പുഴയിലേക്കാണ് ഇവിടെനിന്നും മരങ്ങള്‍ കൊണ്ടുപോയിരുന്നത്. മരുതോങ്കര പഞ്ചായത്തില്‍ ക്രിസ്ത്യന്‍കുടിയേറ്റത്തിനു മുമ്പ്, ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട്, അനല്‍പമായ തോതില്‍ ജനവാസമുണ്ടായിരുന്ന പ്രദേശമാണിത്. ഇതിനു തെളിവുകളായിട്ട് മരുതോങ്കര ക്ഷേത്രം, കോതോട് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവ ഇന്നും ഇവിടെ കാണാം. ത്യാഗങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ കുടിയേറ്റ നാളുകളില്‍, പൂവരണിക്കാരായ പുരയിടത്തില്‍  തോമസ്, പുല്ലാട്ട് ജോസഫ്, വാഴൂര്‍ക്കാരായ വടക്കേടത്ത് കുര്യാക്കോസ്, പൊങ്ങംപാറ വര്‍ക്കി എന്നീ കൃഷിക്കാര്‍, ദൃഢപ്രതിജ്ഞയോടെയും ഏതു ദുര്‍വിധിയും നേരിടാനുള്ള മനക്കരുത്തോടെയും, കുറ്റ്യാടി ചെറുപുഴ കടന്ന് മരുതോങ്കരയില്‍ എത്തിച്ചേര്‍ന്നു. മരുതോങ്കരയിലെ കുടിയേറ്റ പിതാക്കള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇവര്‍ 1931 ഒക്ടോബര്‍ മാസത്തിലാണ് ഇവിടെ എത്തിച്ചേര്‍ന്നത്. അക്കാലത്ത് നടുവണ്ണൂര്‍, പയ്യോളി ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്ന ഹരിജനങ്ങളും ഇവിടുത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തിരുന്നു. കുടിയേറ്റ കൃഷിക്കാര്‍ നാളികേര കൃഷിയോടൊപ്പം റബ്ബര്‍, കുരുമുളക്, കവുങ്ങ് എന്നിവയും, ഇടവിളകളായി കപ്പ, ചേന, ചേമ്പ് എന്നിങ്ങനെയുള്ള വിളകളും കൃഷി ചെയ്തിരുന്നു. അന്നത്തെക്കാലത്ത് റബ്ബര്‍ ഉത്പന്നങ്ങള്‍ക്ക് ഇവിടെ പ്രാദേശിക കമ്പോളങ്ങള്‍ ഇല്ലാത്തതുകൊണ്ട് ആലുവായില്‍ കൊണ്ടുപോയാണ് വിറ്റിരുന്നത്. കര്‍ഷകരെ അവരുടെ നിലനില്‍പിനു ഏറെ സഹായിച്ചത് കുരുമുളകു കൃഷിയായിരുന്നു. അന്ന് മലയോരങ്ങളില്‍ പോലും നെല്‍കൃഷി സര്‍വ്വസാധാരണമായിരുന്നു. ദേശീയപ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവുമായി ബന്ധപ്പെട്ട്, നിരവധി നേതാക്കന്മാര്‍ മരുതോങ്കര പ്രദേശത്ത് എത്തിയിട്ടുണ്ട്. മദ്രാസ് നിയമസഭ പാസ്സാക്കിയ കാര്‍ഷികബില്ലിലെ ചില വ്യവസ്ഥകള്‍ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, എല്ലാവിഭാഗം കൃഷിക്കാരും ചേര്‍ന്ന് നടത്തിയ പ്രക്ഷോഭസമരത്തെ സഹായിക്കുന്നതിനുവേണ്ടി, വിഷ്ണുഭാരതീയന്‍ മരുതോങ്കര സ്കൂള്‍ ഗ്രൌണ്ടില്‍ വന്നു പ്രസംഗിച്ചിട്ടുണ്ട്. പ്രഗത്ഭ ദേശീയ നേതാക്കന്മാരായ സി.കെ.ഗോവിന്ദന്‍ നായര്‍, കെ.കേളപ്പന്‍ എന്നിവര്‍ അയിത്തോച്ചാടന പ്രവര്‍ത്തനത്തിന്റെ ഭാഗമായി കോതോട് ഭാഗത്ത് വന്നിരുന്നു. പശുക്കടവില്‍ കൃഷിഭൂമി ചെത്തി പിടിച്ചെടുക്കുന്ന സമരത്തില്‍, കൃഷിക്കാരെ സഹായിക്കുന്നതിനുവേണ്ടി കര്‍ഷകനേതാക്കളായ സി.എച്ച്.കണാരനും കേളുവേട്ടനും എത്തിച്ചേര്‍ന്നത്, കര്‍ഷകര്‍ക്കിടയില്‍ വലിയ ആവേശമിളക്കിവിട്ട സംഭവമായിരുന്നു. തോട്ടക്കാട് മിച്ചഭൂമി പിടിച്ചെടുക്കാന്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നടത്തിയ പോരാട്ടം പഞ്ചായത്തിന്റെ സമരചരിത്രത്തില്‍ ജ്വലിക്കുന്ന അധ്യായമാണ്. 1957-ലെ ഗവണ്‍മെന്റ്, കുടികിടപ്പ് അവകാശം നല്‍കിയതിന്റെ ഫലം ലഭിച്ച നിരവധി ദരിദ്ര കുടുംബങ്ങള്‍ മരുതോങ്കര പഞ്ചായത്തിലുണ്ട്. മരുതോങ്കര എന്ന പേരുടലെടുത്തത് മരുത് എന്ന വൃക്ഷം ധാരാളമുള്ള പ്രദേശമെന്ന നിലയില്‍ മരുതുംകര എന്ന പ്രയോഗത്തില്‍ നിന്നാണ്. മുള്ളന്‍കുന്ന് എന്നറിയപ്പെടുന്ന സ്ഥലത്ത്, ഒരു തരം മുളളുകളുള്ള കാട്ടില്‍, ധാരാളം മുള്ളന്‍പന്നികള്‍ ഉണ്ടായിരുന്നതുകൊണ്ട് പിന്നീട് അത് മുള്ളന്‍കുന്നായി മാറി. ഇന്നത്തെ നടുത്തോട് കോണുകോണായി കിടക്കുന്നതുകൊണ്ട്, കോണ്‍തോട് എന്നറിയപ്പെട്ട സ്ഥലം കാലക്രമത്തില്‍ കോതോടായി. വില്ലിയും മക്കളും എന്ന ആനയുടെ പ്രേതസങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് വില്യാംപാറ എന്ന പേരുണ്ടായത്. ഒരു കാലത്ത് തെണ്ടിമുക്കായിരുന്നത് പിന്നീട് സെന്റര്‍ മുക്കായി മാറി. കുറ്റ്യാടിയില്‍ നിന്ന് മുള്ളന്‍കുന്നിലേക്ക് ആദ്യകാലത്ത് ഒരു നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണ്ണൂര്‍പാറ വഴി കൊറ്റോംകുന്നിലൂടെയാണ് കാല്‍നടയായി ആളുകള്‍ എത്തിയിരുന്നത്. 1943-ലാണ് മരുതോങ്കര പഞ്ചായത്തിലാദ്യമായി  ജനപങ്കാളിത്തത്തോടെ ഒരു റോഡ് നിര്‍മ്മിക്കുന്നത്. പാലേരി മുക്കില്‍ നിന്നും ഒറ്റക്കണ്ടം വഴി, നാലാംകണ്ടം അതിര്‍ത്തിയിലൂടെ മരുതോങ്കര സെമിത്തേരിവരെ ഉണ്ടായിരുന്നതാണ് ഈ റോഡ്. ഈ റോഡു നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയത് ഇവിടുത്തെ ക്രിസ്തീയദേവാലയത്തിലെ വികാരിയച്ചനായിരുന്നു. 1953-വരെ കുറ്റ്യാടിയില്‍ നിന്നും മുള്ളന്‍കുന്നിലേക്കുള്ള നടപ്പാത ഗതാഗതയോഗ്യമാക്കുന്നതിനു വേണ്ടി നാട്ടുകാരുടെ സംഘടിതശ്രമത്തിനു നേതൃത്വം നല്‍കിയത് ഫാദര്‍ എവരിസ്റ്റസ്സാണ്. മരുതോങ്കര പഞ്ചായത്തിലെ സാംസ്ക്കാരിക സാമൂഹ്യ പുരോഗതിക്ക് നിര്‍ണ്ണായകമായ സംഭാവന നല്‍കിയതും മരുതോങ്കര പള്ളിയിടവകയാണ്. നിലവില്‍ റോഡുകള്‍ മാത്രമാണ് ഈ പഞ്ചായത്തിലെ ഏക ഗതാഗത മാര്‍ഗ്ഗം. പരമ്പരാഗത കുടില്‍വ്യവസായ രംഗത്ത് കള്ളുചെത്തും, നാമമാത്രമായ രീതിയില്‍ ആദിവാസി കോളനികളില്‍ ഈറ്റ, ചൂരല്‍ ഉപയോഗിച്ചുള്ള കുട്ട, വട്ടി, കസേര മുതലായവയുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. ഈ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതും, ഉല്‍പാദനത്തിലും ഗുണനിലവാരത്തിലും മികച്ചുനില്‍ക്കുന്നതുമായ നാളികേരം തന്നെയാണ് വ്യവസായ രംഗത്തെ ഏറ്റവും പ്രധാന അസംസ്കൃത വസ്തു. മറ്റൊരു പ്രധാന തൊഴില്‍മേഖല കരിങ്കല്‍ ക്വാറികളാണ്.

വിദ്യാഭ്യാസചരിത്രം
മരുതോങ്കര പഞ്ചായത്തിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം 1926-ല്‍ കച്ചേരിത്താഴ വയലില്‍ രാമര്‍ കുറുപ്പ് ഗുരിക്കള്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടം ആയിരുന്നു. ഏഴു വര്‍ഷത്തോളം കള്ളാട്ട് ദേശത്ത് പ്രവര്‍ത്തിച്ച ഈ സ്ഥാപനം 1933-ലാണ്, ഇന്നു കാണുന്ന സ്ഥലത്ത് അടുക്കത്ത് എല്‍.പി.സ്കൂള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടത്. 1934-ല്‍ അടുക്കത്ത് എം.എല്‍.പി സ്കൂള്‍ സ്ഥാപിതമായി. ഈ രണ്ടു വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു കുറ്റ്യാടി പുഴയുടെ സമീപത്തു വസിച്ചിരുന്ന ജനസഞ്ചയത്തിനു 1930-കളില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കിയത്. കുടിയേറ്റ കര്‍ഷകരുടെ പ്രയത്നത്താല്‍ കാര്‍ഷികഭൂമിയായി മാറിയ മരുതോങ്കര, മുള്ളന്‍കുന്ന്, വണ്ണാത്തിച്ചിറ, പശുക്കടവ് തുടങ്ങിയ പ്രദേശങ്ങളില്‍, വിദ്യാഭ്യാസ സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍, ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ നേതൃത്വപരമായ പങ്കു വഹിക്കുകയുണ്ടായി. 1937-ല്‍ മരുതോങ്കരയില്‍ ഒരു പ്രൈമറി സ്ക്കൂള്‍ സ്ഥാപിക്കപ്പെട്ടു. മുള്ളന്‍കുന്നില്‍ ഇയ്യാലില്‍ ജോസഫും കിഴക്കയില്‍ മത്തായിയും സംഭാവന ചെയ്ത സ്ഥലത്ത് പീടികേക്കലച്ചന്‍ 1944-ല്‍ സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു. ഫാ.ജോസഫ് കിഴക്കേഭാഗത്തിന്റെ ഉത്സാഹത്തില്‍, പ്രസ്തുത സ്കൂള്‍, 1951-ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ഫാദര്‍ എവരിസ്റ്റസ്സാണ് 1957-ല്‍ ഈ സ്ഥാപനത്തെ ഹൈസ്കൂളായി ഉയര്‍ത്തുന്നതിനു പരിശ്രമിച്ചത്.

സാംസ്കാരികചരിത്രം
മരുതോങ്കര പഞ്ചായത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ വിവിധ മതവിഭാഗങ്ങളായ ഹിന്ദു, മുസ്ളീം, ക്രിസ്തീയ സമുദായങ്ങള്‍ പഞ്ചായത്തിലെ മൂന്നു കേന്ദ്രങ്ങളിലായി വസിച്ചിരുന്നു. അടുക്കത്ത്, കള്ളാട് പ്രദേശങ്ങളില്‍ മുസ്ളീം ഹിന്ദു സമുദായങ്ങളും, മലയോര മേഖലകളില്‍ ക്രിസ്തീയ വിഭാഗവുമായിരുന്നു. മുസ്ളീം സമുദായത്തിനിടയില്‍ മൊയിലൂദ്, റാത്തിബ് മുതലായ ആചാരങ്ങള്‍ നിലവിലുണ്ട്. പൂളക്ക മൊയ്തീന്‍ ഹാജിയുടെ വീട്ടില്‍ 1960-വരെ നടത്തിയിരുന്ന മൊയിലൂദ് പേരുകേട്ടതായിരുന്നു. ദഫ്മുട്ട് കളി, മാപ്പിളക്കളി, ഒപ്പന തുടങ്ങിയ മുസ്ളീം പാരമ്പര്യകലകളും നിലവിലുണ്ട്. ക്രിസ്ത്യന്‍ സമുദായത്തില്‍ മതവുമായി ബന്ധപ്പെട്ട് ക്രിസ്തുമസ്, പെസഹാവ്യാഴാഴ്ച, ഈസ്റ്റര്‍, പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട കുരിശെഴുന്നള്ളിപ്പ് എന്നിവ നാനാജാതിമതസ്ഥരുടെ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. അത്തരത്തില്‍ മതസൌഹാര്‍ദ്ദത്തെ ഊട്ടിയുറപ്പിക്കുന്ന മറ്റൊരു പ്രധാന ഉത്സവമാണ് നെല്ലിക്കുന്നു കോളനിയില്‍ നടത്തിവരുന്ന മലദൈവത്തെ ആരാധിക്കുന്ന ഉത്സവം. ഒരുകാലത്ത് മനുഷ്യസംസ്ക്കാരത്തിന്റെ പൊതുധാരയിലേക്ക് വരാന്‍ തയ്യാറാകാതിരുന്ന പഞ്ചായത്തിലുള്ള ആദിവാസിസമൂഹമാണ് കുടില്‍പ്പാറ ചോലനായ്ക്കര്‍. കൂട്ടമായി വനാന്തരങ്ങളില്‍ കൂടി ഭക്ഷണത്തിനായി അലഞ്ഞുതിരിഞ്ഞു നടക്കുന്നതായിരുന്നു അവര്‍ക്കിടയില്‍ പതിവ്. പ്രാകൃതമായ ആചാരസവിശേഷതകള്‍ ഇന്നും പുലര്‍ത്തുന്ന ഇക്കൂട്ടര്‍ വനവിഭവങ്ങള്‍ ശേഖരിക്കുമ്പോള്‍ താളാത്മകമായി കൂട്ടത്തോടു കൂടി പാട്ടുപാടിയിരുന്നു. കായികരംഗത്ത് പഞ്ചായത്തിന് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ ഒരു മേഖലയാണ് വോളിബോള്‍കളി.